About Temple

SREE VAYAMBATTA VISHNU KSHETHRAM

ശ്രീ വയമ്പറ്റ വിഷ്ണു ക്ഷേത്രം കൊളത്തൂർ




   മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ കൊളത്തൂരിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാന ദേവനായ വിഷ്ണുവിനെ കൂടാതെ ഗണപതി, ഭഗവതി, നാഗങ്ങൾ, ഗന്ധർവ്വൻ എന്നിവയും ഉണ്ട്. മിഥുനമാസത്തിലെ പൂയ്യം നാളിനാണ് ഭഗവാൻ്റെ  പ്രതിഷ്ഠാദിനം. ഭഗവതിക്കുള്ള പ്രധാന വഴിപാടായ കളംപാട്ട് എല്ലാവർഷങ്ങളിലും കുംഭം, മീനം മാസങ്ങളിൽ നടത്തിവരുന്നു. തുടർച്ചയായ 50 കളം പാട്ടിൻ്റെ അവസാന ദിനമായ മീനത്തിലെ മുപ്പട്ട് ചൊവ്വ താലപ്പൊലിയായി ആഘോഷിക്കുന്നു. അതോടൊപ്പം തന്നെ വിഷ്ണുവിന് ഏകോത്സവവും നടത്തി വരുന്നു. ഇപ്പോൾ ഈ നാടിൻ്റെ ദേശീയോത്സവം എന്ന നിലയിൽ താലപ്പൊലി പ്രസിദ്ധിയാർജ്ജിച്ചിരിക്കുന്നു. ദേശ വേലകൾ, വാദ്യമേളങ്ങൾ, കലാപരിപാടികൾ കരിമരുന്നു പ്രയോഗം തുടങ്ങി ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഈ ആഘോഷം കൊളത്തൂരിൻ്റ ജനകീയോത്സവം തന്നെയാണ്. മറ്റൊരു പ്രധാന സവിശേഷതയാണ് ഈ ക്ഷേത്രത്തിലെ ഗന്ധർവ്വ സാന്നിധ്യം. ഗണപതി ശ്രീകോവിലിന് അടുത്തായി ഗന്ധർവ്വൻ കുടി കൊള്ളുന്നു. ഗന്ധർവ്വ സാന്നിധ്യമുള്ള കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണിത്. കൂടാതെ ഭഗവതിക്ക് പുരുഷാന്തര പാട്ട് കഴിച്ചതിനാൽ വർഷത്തിൽ ഏതു ദിവസവും ഇവിടെ കളംപാട്ട് കഴിക്കാൻ സാധിക്കും. തുലാമാസത്തിലെ മകീര്യം നക്ഷത്രത്തിലാണ് നാഗ പ്രതിഷ്ഠാദിനം.  അന്ന് നാഗങ്ങൾക്ക് വിശേഷാൽ പൂജയും സർപ്പബലിയും ഉണ്ടാകാറുണ്ട്. ശ്രീകൃഷ്ണ ജയന്തി, വിജയദശമി, വിനായക ചതുർത്ഥി, ഗുരുവായൂർ ഏകാദശി, അയ്യപ്പന് വൃശ്ചിക മാസത്തിൽ നടത്താറുള്ള അഖണ്ഡനാമജപ യജ്ഞം, കർക്കിടകത്തിൽ രാമായണ പാരായണം, അഷ്ടദ്രവ്യ മഹഗണപതി ഹോമം, നിറപുത്തരി, വൈശാഖത്തിൽ ഭാഗവത സപ്താഹം തുടങ്ങി, ക്ഷേത്ര സംബന്ധിയായ എല്ലാ ആഘോഷ,ആചാരാനുഷ്ഠാനങ്ങളും വിശേഷങ്ങളും ഇവിടെയും കൊണ്ടാടാറുണ്ട്.

  പഴയ വള്ളുവനാട് രാജഭരണകാലത്തുളള നിരവധി ചരിത്രസ്മരണകളിൽ,കൊളത്തൂർ എന്ന ഈ പ്രദേശവും പ്രത്യേകം സ്മരിക്കപ്പെടുന്നു. വള്ളുവക്കോനാതിരിയുടെ പതിനാറ് സ്വരൂപികളിൽ ഒന്നായ കൊളത്തൂർവാരിയന്മാർ ആണ് ഈ ക്ഷേത്രത്തിന്റെ ഊരാളന്മാർ.കൊളത്തൂർവാരിയൻമാരുടെ ഊരാൺമയിൽ കൊളത്തൂരിലും, വള്ളുവനാട്ടിലെ പലപ്രദേശങ്ങളിലും ആയി നിരവധിക്ഷേത്രങ്ങൾ ഉണ്ടായിരുന്നു.കാലഘട്ടത്തിന്റെമാറ്റങ്ങളിൽ, രാജ്യഭരണവും,നാടുവാഴി, ഊരാൺമ സമ്പ്രദായങ്ങളും ഇല്ലാതായപ്പോൾ  ക്ഷേത്ര നടത്തിപ്പും മാറ്റങ്ങൾക്കുവിധേയമായി.നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയെങ്കിലും ഇപ്പോൾ ആ ക്ഷേത്രങ്ങളുടെയെല്ലാം സംരക്ഷണം, അതാതുപ്രദേശവാസികളായ ഭക്തജനങ്ങൾ ഭംഗിയായി നടത്തിവരുന്നു. ഈ ക്ഷേത്രത്തിന്റെ ഭരണ ചുമതല നിർവ്വഹിക്കുന്നത് കൊളത്തൂർ ശ്രീ വയമ്പറ്റ വിഷ്ണു ക്ഷേത്ര ട്രസ്റ്റ് ആണ്. ഊരാള കുടുംബത്തിലെ മുതിർന്ന അംഗമായ കൊളത്തൂർ വാരിയത്ത്, ഡോക്ടർ ശ്രീകണ്ഠനുണ്ണിയാണ് മാനേജിങ് ട്രസ്റ്റി.  കൂടാതെ ദൈനംദിന ക്ഷേത്ര കാര്യങ്ങളും ആഘോഷങ്ങളുടെ നടത്തിപ്പും നിർവ്വഹിക്കുന്നതിന് പ്രദേശത്തെ ഭക്തജനങ്ങൾ അംഗങ്ങളായ ക്ഷേത്ര കമ്മിറ്റിയും നിലവിലുണ്ട്.